പൂച്ചാക്കല്‍ (ആലപ്പുഴ): തകഴിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പാടശേഖരവരമ്പത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അമ്മയുടെ കാമുകനും സുഹൃത്തും പോലീസ് കസ്റ്റഡിയില്‍. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
യുവതിയുടെ കാമുകന്‍ തകഴി പഞ്ചായത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പില്‍ തോമസ് ജോസഫ് (24), സുഹൃത്ത് തകഴി പഞ്ചായത്ത് കുന്നുമ്മേല്‍ മുട്ടുചിറ ജോസഫ് ഭവനത്തില്‍ അശോക് ജോസഫ് (30) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ 1.30 ന് ആണ് പൂച്ചാക്കല്‍ സ്വദേശിയായ 22 വയസുകാരി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയെത്തുടര്‍ന്ന് യുവതി പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നടത്തുകയുള്ളു എന്ന് അറിയിച്ചു.
പോലീസിനെയും രക്ഷിതാക്കളേയും വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അമ്മത്തൊട്ടിലില്‍ നല്‍കാന്‍ യുവാവിന്റെ കൈയില്‍ കൊടുത്തെന്നാണ് യുവതി മൊഴി നല്‍കിയത്. അമ്മതൊട്ടില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനിടയിലാണ് യുവതിയും യുവാവും തമ്മില്‍ അടുപ്പത്തിലായത്.
ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്ത വിവരം വീട്ടുകാര്‍ അറിയാതിരിക്കാനാണ് ശിശുവിനെ കൊലപ്പെടുത്തിയതെന്നാണ് സംശയം. എന്നാല്‍ കൊലപാതകത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസും ഫോറന്‍സിക് വിദഗ്ധരും യുവതിയുടെ വീട്ടില്‍ പരിശോധന നടത്തി. തോമസ് ജോസഫിന്റെ വീടിന് സമീപം തകഴി കൊല്ലനാട്ട് പാടത്ത് തെക്കേ ബണ്ടിന്റെ ഭാഗത്തുനിന്നാണു നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ വീട്ടില്‍ പ്രസവിച്ചശേഷം മരിച്ചതാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരുകയുള്ളൂ. യുവതിയെയും കാമുകനായ തോമസ് ജോസഫിനെയും വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment