ആലപ്പുഴ: തകഴി കുന്നുമ്മയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം കൊലപാതകമാണോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ സഹായിയും അറസ്റ്റിലായിട്ടുണ്ട്. അമ്മ ആശുപത്രിയില്‍ കസ്റ്റഡിയിലാണ്. അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
തകഴി കുന്നുമ്മയിൽ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേർന്ന് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയത് ഏഴിനു രാത്രിയില്‍ ആയിരുന്നു. പൂച്ചാക്കലില്‍ വീട്ടില്‍ പ്രസവിച്ച യുവതിയാണ് കുഞ്ഞിന്റെ മൃതദേഹം കാമുകന്‍ തകഴി സ്വദേശി തോമസ് ജോസഫിനെ ഏല്‍പ്പിച്ചത്. ഏഴിനു രാവിലെയാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. ഈ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
വൈകിട്ട് യുവതിയുടെ വീട്ടില്‍ ആരുമറിയാതെയെത്തിയ തോമസ് ജോസഫിന്റെ കൈയില്‍ കുഞ്ഞിന്റെ മൃതദേഹം കൊടുക്കുകയായിരുന്നു. കവറില്‍ ആക്കിയ മൃതദേഹം തോമസ് ജോസഫ് ബൈക്കില്‍ കുന്നുമ്മയിലെത്തിച്ച് സുഹൃത്ത് അശോക് ജോസഫുമായി ചേര്‍ന്നു കുന്നുമ്മ കൊല്ലനാടി പാട ശേഖരത്തിന്റെ തെക്കേ വരമ്പത്ത് രാത്രിയിലെത്തി കുഴിച്ചുമൂടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബ്ലീഡിങ് ഉണ്ടായതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ക്കുണ്ടായ സംശയമാണ് സംഭവം പുറത്തറിയാന്‍ കാരണം.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതി എല്ലാം തുറന്നുപറഞ്ഞു. യുവതിയില്‍ നിന്ന് കാമുകന്റെയും സുഹൃത്തിന്റെയും ഫോട്ടോയും വിവരങ്ങളും പോലീസ് വാങ്ങി. പിന്നീടിത് അമ്പലപ്പുഴ പോലിസിന് കൈമാറി. ഇതിനിടെ ആശുപത്രിയിലെത്തിയ വിവരം യുവതി തോമസ് ജോസഫിനെ മൊബൈല്‍ ഫോണില്‍ ചാറ്റിലൂടെ അറിയിച്ചു. രാത്രി അമ്പലപ്പുഴ സി.ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് കുന്നുമ്മയിലെത്തിയപ്പോള്‍ തൊട്ടടുത്തുള്ള മാമോദീസാ ചടങ്ങ് നടക്കുന്ന വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
/loading-logo.jpg
No comments:
Post a Comment