മേപ്പാടി: കേരളത്തെ കണ്ണീരിലാഴ്ത്തി എല്ലാം വെള്ളം കൊണ്ടുപോയ മുണ്ടക്കൈയില്‍ ജീവന്റെ തുടിപ്പും മരണപ്പെട്ടുപോയ മനുഷ്യര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈയ്‌ക്കൊപ്പം പുഞ്ചിരിമട്ടത്തും ഇന്നും പരിശോധനകള്‍ നടക്കും. മുണ്ടക്കൈയില്‍ ജീവന്റെ തുടിപ്പ് തേടിയുള്ള ഇന്നലെ രാത്രിയിലെ തെരച്ചില്‍ നിഷ്ഫലമായിരുന്നു. തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണസംഖ്യ 340 ആയി.
മണ്ണിനടിയില്‍ ഇനി ജീവനില്ലെന്ന് സ്ഥിരീകരിച്ചു. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍. ചാലിയാറില്‍ ഇന്നും തെരച്ചില്‍ തുടരും. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 29 പേര്‍ കുട്ടികളാണ്. 84 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. തിരിച്ചറിയാന്‍ കഴിയാത്ത 74 ശരീരങ്ങള്‍ പൊതു ശ്മശാനത്തില്‍ ഇന്ന് സംസ്‌ക്കാരിക്കും. 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളില്‍ 1729 പേരുണ്ട്. 146 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. നടന്‍ മോഹന്‍ലാല്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ്. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും മൂന്ന് ആണ്‍കുട്ടികളുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണു നാലുദിവസമായി നടന്ന തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്നലെ മാത്രം അഞ്ച് മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളും കണ്ടെടുത്തു. റഡാര്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ഇന്നലെ രാത്രി ഒന്‍പതരയോടെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്നും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ ഒറ്റപ്പെട്ടുപോയ നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു.
/loading-logo.jpg
No comments:
Post a Comment