തൊടുപുഴ: വിനോദ സഞ്ചാരികള്‍ക്ക് നയനമനോഹര കാഴ്ചയൊരുക്കി ഒളമറ്റം ഉറവപ്പാറ മലനിരകളില്‍ പൂപ്പാടം. ഉറവപ്പാറയ്ക്ക് മുകളിലെ പത്മവില്ലേജിലാണ് ഓണപ്പൂക്കളമൊരുക്കുന്നതിനയി നട്ടുവളര്‍ത്തിയിട്ടുള്ള പൂപ്പാടം ഏവരെയും ആകര്‍ഷിക്കുന്നത്.
40 സെന്റ് സ്ഥലത്ത് രണ്ടായിരത്തോളം ബന്ദി പൂക്കളാണു വിരിഞ്ഞിരിക്കുന്നത്. മഞ്ഞയും ഓറഞ്ചു നിറവും ഇടകലര്‍ന്നു വിരിഞ്ഞിരിക്കുന്ന പൂപ്പാടം കാണാന്‍ നിരവധി പേരാണു ദിവസവും ഇവിടെയെത്തുന്നത്. ഉയരം കുറഞ്ഞ ഹൈബ്രീഡ് ഇനമാണ് ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ സാധാരണ തമിഴ്‌നാട്ടിലാണ് ഇത്തരം പൂപ്പാടങ്ങള്‍ കാണാറുള്ളത്. തൊടുപുഴയില്‍നിന്നു മൂലമറ്റം റൂട്ടില്‍ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഉറവപ്പാറ മലനിരയുടെ താഴ്‌വാരമായ ഒളമറ്റത്ത് എത്താം.
ഒളമറ്റത്ത് എത്തി റോപ്പ് വ്യൂ റോഡിലൂടെ സഞ്ചരിച്ച് ഇവിടെനിന്നു പാറമുകളിലെ പത്മ വില്ലേജില്‍ എത്തിയാല്‍ നയന മനോഹരമായ കാഴ്ചയാണു പ്രകൃതി ഒരുക്കിയിരിക്കുന്നത്. പാറയ്ക്ക് മുകളിലെ ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്.
വിനോദത്തിനായും ദര്‍ശനത്തിനായും നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഞ്ചപാണ്ഡവര്‍ക്ക് വേണ്ടി പാഞ്ചാലി ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പ് എന്ന് വിശ്വസിക്കുന്ന വലിയ മൂന്ന് പാറക്കല്ലുകള്‍ ക്ഷേത്രത്തിന് പിന്നിലായി സ്ഥിതി ചെയ്യുന്നു.
ഭീമസേനന്‍ കാല് കൊണ്ട് നിര്‍മിച്ചെന്നു ഭക്തര്‍ കരുതുന്ന തീര്‍ഥക്കുളവും ഇവിടെയുണ്ട്. ബാലസുബ്രഹ്മണ്യനാണു പ്രധാന പ്രതിഷ്ഠ.ആണ്‍ പാറ, പെണ്‍ പാറ എന്ന് വിളിപ്പേരുള്ള രണ്ട് ഭീമന്‍ പാറയാണു ഇവിടെയുള്ളത്.
തൊടുപുഴ നഗരത്തിന്റെ വിദൂര ദൃശ്യം കാണാന്‍ കഴിയുന്ന പാറയുടെ മുകളിലാണു പത്മവില്ലേജ്. ഡെസ്റ്റിനേഷന്‍ ടൂറിസത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണു പത്മവില്ലേജ്.
/loading-logo.jpg
No comments:
Post a Comment