കൊച്ചി : മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടുന്നതു ഇന്നത്തെ ഹൈക്കോടതി നടപടിയുടെ അടിസ്ഥാനത്തില്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള നടി രഞ്ജിനിയുടെ ഹര്‍ജി ഇന്നു കോടതി പരിഗണിക്കുന്നുണ്ട്. സ്‌റ്റേ നീട്ടിയില്ലെങ്കില്‍ ഇന്നുതന്നെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. കോടതി വിധിപ്രകാരം ഇന്നു വൈകിട്ടുവരെ സമയമുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരേ ഹൈക്കോടതി വിവരാവകാശ കമ്മിഷനോടു റിപ്പോര്‍ട്ട് ചോദിച്ചിട്ടില്ല. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്. സാംസ്‌കാരിക വകുപ്പ് അപ്രകാരം റിപ്പോര്‍ട്ടൊന്നും ചോദിച്ചിട്ടില്ല. സാംസ്‌കാരിക വകുപ്പല്ല റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടതെന്നും വിവരാവകാശ കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ കോടതി നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വിവരാവകാശ കമ്മിഷനു സാംസ്‌കാരിക വകുപ്പ് കൈമാറിയിട്ടുണ്ട്. ജൂലൈ 24 നു റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
കോടതി വിലക്കില്ലെങ്കില്‍, സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണു നീക്കം. 49-ാം പേജിലെ 96-ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. അതേസമയം, ഹര്‍ജിക്കാരനായ സജിമോന്‍ പാറയില്‍ ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ല.
അപ്പീല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. അപ്പീല്‍ പരാജയപ്പെട്ടാല്‍, സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും കണക്കുകൂട്ടിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ താനടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും നടി രഞ്ജിനി പറയുന്നു.
/loading-logo.jpg
No comments:
Post a Comment