വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്‍റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്ര സഹായം മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്രം തയാറാകണം. വയനാട് പുനരധിവാസ പ്രക്രിയയ്ക്കും അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിങ് സിസ്റ്റം വയനാട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണം.
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും മനുഷ്യനെ അവിടെ നിന്നും മാറ്റാനും സാധിക്കണം. ലോകത്ത് എല്ലായിടത്തുമുള്ള ഈ സംവിധാനങ്ങള്‍ കേരളത്തിലും ഉണ്ടാകണം. കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍ സംയോജിച്ച് ലോക നിലവാരമുള്ള വാണിങ് സിസ്റ്റവും ഇവാക്യുവേഷന്‍ സിസ്റ്റവും സ്ഥാപിക്കണം. ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാന്‍ പാടില്ല. അതിന് വേണ്ടിയാണ് കേന്ദ്ര സഹായം നല്‍കേണ്ടത്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് മടങ്ങിയാല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യുഡിഎഫിനുള്ളത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ കേരളത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷം വയനാട് അപകടം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നടന്ന നിയമസഭ സമ്മേളനത്തിലും അപകടകരമായ കാലാവസ്ഥാ വ്യതിയാനം ചൂണ്ടിക്കാട്ടിയതാണ്. ഏത് നയരൂപീകരണം നടത്തിയാലും അതിന്റെ പ്രധാനഘടകം കാലാവസ്ഥാ വ്യതിയാനമായിരിക്കണമെന്നും ആവശ്യപ്പെട്ടതാണ്. പശ്ചിമഘട്ടത്തിലെ ക്വാറികള്‍ക്കും നിയന്ത്രണം വേണം. അല്ലാതെ കര്‍ഷകരല്ല പശ്ചിമഘട്ടത്തെ ദ്രോഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
/loading-logo.jpg
No comments:
Post a Comment