വയനാട്ടില്‍ സത്യന്‍ മൊകേരി വരും ; രാഹുലിനെതിരേ സരിന്‍ പാലക്കാട്ട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായേക്കും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, October 18, 2024

വയനാട്ടില്‍ സത്യന്‍ മൊകേരി വരും ; രാഹുലിനെതിരേ സരിന്‍ പാലക്കാട്ട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പരസ്യവിമര്‍ശനമുന്നയിച്ച കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ: പി. സരിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. രാഹുലിനെതിരേ സരിന്‍ പാലക്കാട്ട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകുമെന്നു സൂചന. സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റി എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് സംസ്ഥാനനേതൃത്വത്തില്‍ ധാരണയായി.

അതേസമയം, സരിനെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കണോ പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിപ്പിക്കണോയെന്ന കാര്യത്തില്‍ സി.പി.എം. ആശയക്കുഴപ്പത്തിലാണ്. പി.വി. അന്‍വര്‍ തിരിഞ്ഞുകുത്തിയ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ 'സ്വതന്ത്രപരീക്ഷണം' വേണ്ടെന്നാണു പാര്‍ട്ടിയിലെ പൊതുഅഭിപ്രായം. പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കാന്‍ എതിര്‍പ്പില്ലെന്നു സരിനും വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ സരിന്‍ ഇന്നലെ പത്രസമ്മേളനം നടത്തുമ്പോള്‍തന്നെയാണ് അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രഖ്യാപനം വന്നത്. പാര്‍ട്ടിയെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ ലക്ഷ്യമിട്ടുതന്നെയായിരുന്നു സരിന്റെ നീക്കമെന്നാണു സൂചന. വിമര്‍ശിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടെന്ന പരിവേഷം തുടര്‍രാഷ്ട്രീയനീക്കങ്ങളില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണിത്. നേതൃത്വത്തിന്റെ താക്കീത് അവഗണിച്ച്, ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേയും സരിന്‍ രൂക്ഷമായി പ്രതികരിച്ചതോടെയാണു കെ.പി.സി.സി. അധ്യക്ഷന്‍ കടുത്തനടപടിക്കു തയാറായത്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. സി.പി.ഐ. സംസ്ഥാനനിര്‍വാഹകസമിതിയുടെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ സി.പി.എം. സ്ഥാനാര്‍ഥികളെ നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പ്രഖ്യാപിച്ചേക്കും. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ യു.ആര്‍. പ്രദീപാകും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.

രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവിലേക്കുള്ള വയനാട് ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌രയാണു യു.ഡി.എഫ്. സ്ഥാനാര്‍ഥി. പ്രിയങ്കയ്‌ക്കെതിരേ സ്ഥാനാര്‍ഥിത്വമുറപ്പിച്ച സത്യന്‍ മൊകേരി സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗമാണ്. മൂന്നുതവണ നിയമസഭാംഗമായിരുന്നു. 2014-ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസിനോടു പരാജയപ്പെട്ടു. ഇന്നലെ ചേര്‍ന്ന സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതിയില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണു സത്യന്റെ പേര് നിര്‍ദേശിച്ചത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages