കൊച്ചി : മുന്‍കൂര്‍ജാമ്യപേക്ഷ സെഷന്‍സ് കോടതി തള്ളിയാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കാത്തിരുന്ന പി.പി. ദിവ്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തതു വിധിന്യായത്തിലെ ഗുരുതര നിരീക്ഷണങ്ങള്‍. ദിവ്യക്കെതിരേ ഗുരുതര നിരീക്ഷണങ്ങളാണു തലശേരി സെഷന്‍സ് കോടതിയുടെ ഉത്തരവിലുള്ളത്. എ.ഡി.എം. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ തന്നെയാണു ദിവ്യ ശ്രമിച്ചത്.
ഗൗരവമേറിയ സംഭവമാണെന്നും ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും കോടതി നിരീക്ഷിച്ചു. ദിവ്യ ക്ഷണിക്കാതെ വന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രത്യാഘാതം മനസിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു. പ്രതി രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചേക്കാം. ഉന്നത സ്വാധീനശേഷിയുള്ള വ്യക്തിയായതിനാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയേറെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രാദേശിക ചാനലിനെ എത്തിച്ചു പ്രസംഗം റെക്കോര്‍ഡു ചെയ്തു. അതു നവീന്‍ ബാബുവിന്റെ ജന്മദേശത്തുപോലും പ്രചരിപ്പിച്ചതു ഗുരുതരമായ വീഴ്ചയാണ്. കീഴിലുള്ള ഉദ്യോഗസ്ഥരുടെയും മേലുദ്യേഗസ്ഥരുടെയും സാന്നിധ്യത്തില്‍ അപമാനിക്കപ്പെട്ട ഒരാള്‍ തകര്‍ന്നപ്പോള്‍ ആത്മഹത്യ അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നാക്കിയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ക്ഷണിക്കാതെയാണു പരിപാടിയിലെത്തിയതെന്നും ഇതില്‍ ദിവ്യയുടെ പങ്കു വ്യക്തമാണെന്നും കോടതി ഉത്തരവിലുണ്ട്.
ആഘാതം മനസിലാക്കിത്തന്നെയാണു ദിവ്യ പ്രസംഗം നടത്തിയത്. അതിനാല്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രതിഭാഗം ഹാജരാക്കിയ കേസ് ഡയറിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്നു വിധിപ്പകര്‍പ്പിലുണ്ട്. ശക്തമായ വിധിയെ മറികടക്കാന്‍ ബുദ്ധിമുട്ടാണെന്ന നിയമോപദേശം ലഭിച്ചതോടെയാണു ഒടുവില്‍ ദിവ്യ കീഴടങ്ങിയത്.
ദേശീയശ്രദ്ധ നേടിയ കേസായതിനാല്‍, ജാമ്യപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളുമെന്ന് ദിവ്യയുടെ അഭിഭാഷകര്‍ക്ക് ഉറപ്പായിരുന്നു. തുടര്‍ന്നു ഹൈക്കോടതിയെ സമീപിക്കാന്‍ കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കിയതുമാണ്. എന്നാല്‍, വിധിന്യായം പുറത്തുവന്നതോടെയാണു അപ്പീല്‍ നല്‍കിയാലും പ്രയോജനമില്ലെന്നും കീഴടങ്ങുകയാണു ഇൗ സന്ദര്‍ഭത്തില്‍ നല്ലതെന്നും അഭിഭാഷകന്‍ അറിയിച്ചത്.
വിധിയുടെ പ്രസക്തഭാഗം കോടതി വായിച്ചതു കേട്ടറിഞ്ഞിട്ടും, വിധിപ്പകര്‍പ്പു മുഴുവന്‍ പുറത്തുവരാന്‍ മണിക്കൂറുകള്‍ കാത്തിരുന്നശേഷമാണു ഒടുവില്‍ പ്രതീക്ഷയറ്റു പി.പി. ദിവ്യ പുറത്തിറങ്ങിയതും പോലീസ് പിടികൂടിയതും. അറസ്റ്റിലായശേഷം കീഴ്‌ക്കോടതിയില്‍ തന്നെ അപ്പീല്‍ നല്‍കാമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നുതന്നെ അപ്പീല്‍ നല്‍കാനാണു സാധ്യത.
സാഹചര്യങ്ങളില്‍ മാറ്റമില്ലാത്ത സ്ഥിതിയ്ക്ക് സെഷന്‍സ് കോടതി മറിച്ചൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ലെങ്കിലും ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനുമാണു നിയമോപദേശം ലഭിച്ചത്. ഇതിന്‍പ്രകാരമാണു പി.പി. ദിവ്യ കീഴടങ്ങിയത്.
പോലീസ് തന്നെ പിടികൂടിയതല്ലെന്നും കീഴടങ്ങാന്‍ താന്‍ പോലീസ് സ്‌റ്റേഷനിലേക്കു വരികയായിരുന്നുവെന്നുമാണു ദിവ്യ പറയുന്നത്. താന്‍ ഒളിവിലായിരുന്നില്ലെന്നും കോടതി തീരുമാനമറിയാന്‍ കാത്തുനിന്നതാണെന്നും അവര്‍ വാദിക്കുന്നു. ഒളിവില്‍പോയിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാവും പി.പി. ദിവ്യ ജാമ്യാപേക്ഷ നല്‍കുക.
/loading-logo.jpg
No comments:
Post a Comment