കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ അധിക്ഷേപത്തിനിരയായ എ.ഡി.എം: കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയതിനു തൊട്ടുപിന്നാലെ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാപഞ്ചായത്ത് മുന്‍ അധ്യക്ഷയുമായ പി.പി. ദിവ്യ അറസ്റ്റിലായത് ബന്ധുവീട്ടില്‍ നിന്നും. ദിവ്യ ഒളിവില്‍ക്കഴിഞ്ഞത് എരിപുരത്തെ ബന്ധുവീട്ടിലായിരുന്നെന്നാണു സൂചന.
എ.ഡി.എമ്മിന്റെ മരണം അനേ്വഷിക്കുന്ന പ്രത്യേകസംഘം (എസ്.ഐ.ടി) വിധിക്ക് പിന്നാലെ കണ്ണൂരില്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന്, ദിവ്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിവിധിക്കു പിന്നാലെ ഇരിണാവിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ദിവ്യയെ കണ്ടെത്താനായില്ല. നവീന്‍ ബാബുവിന്റെ മരണശേഷം രണ്ടുദിവസം ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. തുടര്‍ന്നാണ് എരിപുരത്തെ ബന്ധുവീട്ടിലേക്കു മാറിയത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവച്ച ദിവ്യ ഒളിവിലായിരുന്നു.
തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്ന് കണ്ണപുരം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ വരുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണു ദിവ്യയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് രണ്ടുമണിക്കൂറിലേറെ ചോദ്യംചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിട്ടും ചോദ്യംചെയ്യാന്‍പോലും തയാറാകാതെ പോലീസ് ദിവ്യയെ സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന വിചിത്രവാദമാണ് അറസ്റ്റിനു പിന്നാലെ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്കുമാര്‍ ഉന്നയിച്ചത്.
ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്തശേഷം വൈകിട്ട് 5.45-ന് അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് ആറോടെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിനിടെ കരിങ്കൊടി പ്രതിഷേധവുമായെത്തിയ കെ.എസ്.യു. പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റവും കൈയാങ്കളിയും നടന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍നിന്നു പുറത്തിറക്കിയ ദിവ്യയെ യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചു. പിന്‍ഗേറ്റിലൂടെയാണു ദിവ്യയെ ആശുപത്രിയിലേക്കു കയറ്റിയത്.
വൈദ്യപരിശോധനയ്ക്കുശേഷം പ്രധാന ഗേറ്റിലൂടെത്തന്നെ പുറത്തിറക്കി. തുടര്‍ന്ന്, മജിസ്‌ട്രേറ്റിന്റെ തളിപ്പറമ്പിലെ വീട്ടില്‍ ഹാജരാക്കി. ആശുപത്രിയില്‍നിന്നു മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കുള്ള വഴിനീളെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ദിവ്യയെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കയറ്റുമ്പോള്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
ദിവ്യ രാജിവച്ചശേഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റായ ടി.കെ. രത്‌നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി സി.പി.എം. പ്രവര്‍ത്തകര്‍ മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നിലുണ്ടായിരുന്നു. സി.പി.എം. വനിതാപ്രവര്‍ത്തകരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും ആരോപണമുയര്‍ന്നു. രാത്രി എട്ടോടെ ദിവ്യയെ ജയിലിലേക്കു മാറ്റി.
/loading-logo.jpg
No comments:
Post a Comment