തിരുവനന്തപുരം
അധ്യക്ഷ തെരഞ്ഞെടുപ്പില് കാത്തിരിക്കുന്നത് കനത്ത തോൽവിയെങ്കിൽ കോണ്ഗ്രസില് തുടരുക എളുപ്പമല്ലെന്ന ബോധ്യത്തോടെയാണ് ശശി തരൂർ എംപിയുടെ മത്സരം. സോണിയ കുടുംബത്തിന്റെയോ കെപിസിസിയുടെയോ വിമതശബ്ദമായ ജി 23 യിലെ മുഴുവൻ പേരുടെയോ പിന്തുണ തരൂരിനില്ല. പത്രിക സമർപ്പിച്ച വേളയില് കിട്ടിയ പിന്തുണ, തുടക്കത്തിലേ തള്ളിക്കളയാൻ പറ്റാത്തയാളാണ് തരൂരെന്ന സൂചന നല്കുന്നു. കേരളത്തിൽനിന്ന് എംപിയും എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമടക്കമുള്ളവരുടെ പിന്തുണ നേടാനായി.
പുറത്താക്കിയാലും തന്റെ ബോധ്യത്തിനു പിന്നാലെയാണ് സഞ്ചാരമെന്ന് തരൂർ വ്യക്തമാക്കുന്നു. ‘കാര്യങ്ങൾ അതിന്റെ വഴിക്ക് പോകട്ടെ’ എന്ന കോൺഗ്രസിന്റെ സ്ഥിരം നിലപാട് തിരുത്തണമെന്ന ആവശ്യം മത്സരത്തിലൂടെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. നയരൂപീകരണ കാര്യങ്ങളിലടക്കം ഇടപെടാൻ കഴിയുന്ന പാർടിയുടെ ഉന്നത സ്ഥാനങ്ങളിൽ പരിഗണിച്ചാൽ തരൂർ പിന്മാറാനാണ് സാധ്യത. മുമ്പ് വിശ്വസ്തനായിരുന്നെങ്കിലും തരൂര് ഇപ്പോള് സോണിയക്ക് ഒപ്പമില്ല. സോണിയ പറയുന്നിടത്തേ ഒപ്പിടൂ എന്ന നിലപാടുകാരായ എ കെ ആന്റണി അടക്കമുള്ള കേരളത്തിലെ ബഹുഭൂരിപക്ഷം നേതാക്കളും തരൂരിന് വിലങ്ങുതടിയാകും.
പുറത്തുപോകേണ്ടി വന്നാൽ അർഹമായ പരിഗണന കിട്ടുന്ന മറ്റ് വഴികളിലേക്ക് തരൂർ തിരിഞ്ഞേക്കാം. ലോക്സഭയിലേക്ക് മത്സരിക്കാൻ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ സീറ്റ് വീണ്ടും ലഭിക്കില്ലെന്ന് തരൂരിന് ബോധ്യപ്പെട്ടിട്ടുണ്ടാകും.
പ്രകടനപത്രികയില് കശ്മീരില്ലാത്ത
ഭൂപടം
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില് മത്സരിക്കാന് പുറത്തുവിട്ട പ്രകടനപത്രികയിൽ കശ്മീർ ഇല്ലാതെയുള്ള ഇന്ത്യൻ ഭൂപടം ഉൾപ്പെട്ടത് ശശി തരൂരിന് തിരിച്ചടിയായി. വിവാദമായതോടെ തരൂർ ട്വിറ്ററിലൂടെ മാപ്പുപറഞ്ഞു. കശ്മീർകൂടി ഉൾപ്പെടുന്ന ഭൂപടത്തോടുകൂടിയ പുതുക്കിയ പ്രകടന പത്രിക പുറത്തുവിട്ടു.
ബിജെപി അടക്കമുള്ള പാർടികൾ തരൂരിനെയും കോൺഗ്രസിനെയും വിമർശിച്ച് രംഗത്തുവന്നു. കോൺഗ്രസ് ഔദ്യോഗിക പക്ഷവും തരൂരിന് സംഭവിച്ച പിഴവിൽ ആഹ്ലാദിച്ചു. രാഹുൽ ഭാരത് ജോഡോ യാത്ര നടത്തുമ്പോഴാണ് പ്രസിഡന്റ് സ്ഥാനാർഥി ഇന്ത്യയെ വെട്ടിമുറിക്കുന്ന ഭൂപടം ഇട്ടതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
ഇത് റീട്വീറ്റ് ചെയ്ത കോൺഗ്രസ് മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ്, രാഹുലിനെ വിമർശിക്കാൻ ബിജെപി ഒരവസരം കാത്തുകഴിയുകയാണെന്നും തരൂരിനും സംഘത്തിനും മാത്രമേ ഈ ഗുരുതര പിഴവിനെക്കുറിച്ച് വിശദീകരിക്കാൻ പറ്റൂവെന്നും അഭിപ്രായപ്പെട്ടു.
https://ift.tt/fVy4suw
No comments:
Post a Comment