ന്യൂഡൽഹി
ഓഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസിന് പുറത്തുള്ള ജോലികൾ നിർത്തിവയ്ക്കാൻ സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഓഫീസ് ജീവനക്കാർക്ക് വാക്കാൽ നിർദേശം. കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഓഡിറ്റ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സിഎജി ഗിരീഷ് ചന്ദ്ര മുർമു നിർദേശിച്ചത്. വാക്കാലുള്ള നിർദേശം ഓഫീസ് ജീവനക്കാരെ ആശങ്കയിലാക്കി. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്തുന്നത് ഉദ്യോഗസ്ഥരുടെ പേരിൽ നിയമനടപടികൾക്ക് കാരണമായേക്കാം. അതിനാൽ ഓഡിറ്റിന്റെ ഭാഗമായ ജോലികൾ നിർത്തിവയ്ക്കണമെന്ന നിർദേശം രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ആയുഷ്മാൻ ഭാരത്, ഭാരത് മാല പദ്ധതികളുടെ നടത്തിപ്പിൽ വൻ അഴിമതിയും ക്രമക്കേടും വ്യക്തമാക്കുന്ന സിഎജി റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് കാലത്ത് മോദിസർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന്റെ ചുമതല വഹിച്ച മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇതിനകം തയ്യാറായ കൂടുതൽ റിപ്പോർട്ടുകളിൽ ഒപ്പിടാൻ സിഎജി ഗിരീഷ് ചന്ദ്ര മുർമു കാലതാമസം വരുത്തുന്നതായും റിപ്പോർട്ടുണ്ട്. അദ്ദേഹം ഒപ്പിട്ടാൽ മാത്രമേ ഇവ പാർലമെന്റിൽ സമർപ്പിക്കാനാകൂ. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ്. ജമ്മു കശ്മീർ വെട്ടിമുറിച്ച് സ്വയംഭരണ പ്രദേശമാക്കിയപ്പോൾ ഇദ്ദേഹത്തെ ലഫ്. ഗവർണറായി നിയമിച്ചിരുന്നു.
മോദിസർക്കാർ വന്നശേഷം പാർലമെന്റിൽ സമർപ്പിക്കുന്ന സിഎജി റിപ്പോർട്ടുകളുടെ എണ്ണത്തിലും വൻകുറവുണ്ടായി. 2015ൽ 55 റിപ്പോർട്ടാണ് സമർപ്പിച്ചതെങ്കിൽ 2020ൽ 14 മാത്രം.
https://ift.tt/gAQYPM3
No comments:
Post a Comment