ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഏഴാം ബജറ്റ് എന്‍.ഡി.എ. സഖ്യ സര്‍ക്കാരിന്റെ ദീര്‍ഘായുസിനുള്ള മരുന്നായി. ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഈ ലക്ഷ്യത്തിലേക്കുള്ള ശ്രമമെന്നു വിലയിരുത്തല്‍. സംഖ്യാബലം കുറഞ്ഞ ബി.ജെ.പിക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ തെലങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) യുടെയും ജനതാദള്‍ യുണൈറ്റഡിന്റെയും (ജെ.ഡി.യു) സഹായം നിര്‍ണായകമായിരുന്നു. മറ്റുള്ളവയ്ക്കു പുറമേ ഈ പാര്‍ട്ടികളുടെ 28 എം.പിമാരെയും ആശ്രയിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ പ്രധാന സഖ്യകക്ഷികളായ ഇവരുടെ ആഗ്രഹങ്ങള്‍ക്കു കേന്ദ്രം വഴങ്ങിയെന്നാണ് ബജറ്റ് വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്.
റോഡ് കണക്ടിവിറ്റി, പുതിയ വിമാനത്താവളങ്ങള്‍, കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ബിഹാറിന് 26,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ വെള്ളപ്പൊക്ക ലഘൂകരണ പദ്ധതികള്‍ക്കായി 11,500 കോടി രൂപയും ബിഹാറിനു ലഭിക്കും. ആന്ധ്രാപ്രദേശിന് തലസ്ഥാനമായ അമരാവതി വികസിപ്പിക്കാന്‍ 15,000 കോടി രൂപയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കായി മൂന്നു ലക്ഷം കോടി രൂപയും അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പോളവാരം ജലസേചന പദ്ധതിയുടെ പൂര്‍ത്തീകരണവും അതിനുള്ള ധനസഹായവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ രണ്ടു സംസ്ഥാനങ്ങളും തങ്ങള്‍ക്കു പ്രത്യേക പദവിയോ പാക്കേജുകളോ ആവശ്യപ്പെട്ടിരുന്നു. അമരാവതിയുടെ വികസനത്തിന് 15,000 കോടിയുടെ പ്രത്യേക സഹായമാണ് ടി.ഡി.പി. നേതാവും ആന്ധാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്. ബജറ്റ് വിഹിതമായി അതേ തുകതന്നെ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
വെള്ളപ്പൊക്കം മൂലം പ്രതിവര്‍ഷമുണ്ടാകുന്ന നഷ്ടം തടയാന്‍ ബിഹാറില്‍ ബാരേജുകളും നദികളുടെ ബന്ധിപ്പിക്കലും അനിവാര്യമാണെന്നും ഇതിനുള്ള പദ്ധതികള്‍ക്കു ഫണ്ട് അനുവദിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2025 ല്‍ തെരഞ്ഞെടുപ്പു നടക്കുന്ന ബീഹാറിന് നിരാശയുണ്ടാകാത്ത വിധത്തിലാണ് കേന്ദ്രബജറ്റില്‍ തുക അനുവദിച്ചിരിക്കുന്നതും. വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളും ജലസേചന പരിപാടികളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്രംസാമ്പത്തികസഹായം നല്‍കും.
അമൃത്‌സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയിലെ പ്രധാന പോയിന്റായ ഗയയുടെ വികസത്തിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനാണിത്. വിഷ്ണുപദ് ക്ഷേത്ര ഇടനാഴിയും മഹാബോധി ക്ഷേത്ര ഇടനാഴിയും ലോകോത്തര തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. നളന്ദ സര്‍വകലാശാലയെ അതിന്റെ പ്രൗഢിയിലേക്കു പുനരുജ്ജീവിപ്പിക്കുന്നതാണ് ബിഹാറിലെ മറ്റൊരു പദ്ധതി.
ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും അടിസ്ഥാന സൗകര്യം, പവര്‍ പ്ലാന്റുകള്‍, മറ്റ് വികസനങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍ 'ഗെയിം ചേഞ്ചര്‍' ആയിരിക്കുമെന്നും ജെ.ഡി.യു. വര്‍ക്കിങ് പ്രസിഡന്റും എം.പിയുമായ സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു.
ആന്ധ്രാപ്രദേശിന് വ്യാവസായിക വികസനം, ജലം, വൈദ്യുതി, റെയില്‍വേ, റോഡ് തുടങ്ങിയ മേഖലകളില്‍ കേന്ദ്രം ഫണ്ട് നല്‍കും. പിന്നോക്ക പ്രദേശങ്ങളായ രായലസീമ, പ്രകാശം എന്നിവയ്ക്ക് ഗ്രാന്റും അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ പുനര്‍നിര്‍മാണത്തോടുള്ള കേന്ദ്രത്തിന്റെ ഉദാര സമീപനത്തില്‍ മുഖ്യമന്ത്രി നായിഡു സംതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മലാ നന്ദി പറയുന്നതായി അദ്ദേഹം എക്‌സില്‍ കുറിക്കുകയും ചെയ്തു. ടി.ഡി.പി. ജനറല്‍ സെക്രട്ടറിയും സംസ്ഥാന മന്ത്രിയുമായ ലോകേഷ് നാര 'ആന്ധ്രപ്രദേശിന്റെ പുതിയ സൂര്യോദയം' എന്നാണു ബജറ്റിനെ വിശേഷിപ്പിച്ചത്.
/loading-logo.jpg
No comments:
Post a Comment