തിരുവല്ല: വേങ്ങലില്‍ ദമ്പതികളെ കാറിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലിമുക്ക് വേങ്ങശേരില്‍ രാജു തോമസ് (69), ഭാര്യ ലൈലി തോമസ് (62) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വേങ്ങല്‍-വേളൂര്‍മുണ്ടകം റോഡില്‍ പട്രോളിങ്ങിന് എത്തിയ തിരുവല്ല എസ്.ഐയും സംഘവും ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് കത്തിയെരിയുന്ന നിലയില്‍ മാരുതി വാഗണര്‍ കാര്‍ കണ്ടത്. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. തിരുവല്ലയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീ അണച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല.
റോഡ് സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ കാര്‍ കത്തിയതിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുമെന്നു പോലീസ് പറഞ്ഞു.
കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണു മരിച്ചത് രാജു തോമസും ഭാര്യയുമാണെന്നു തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായി വിദേശത്തു ജോലി ചെയ്തിരുന്ന രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണു സൂചന.
രാജു തോമസ് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വത്തിന്റെ പേരില്‍ മകന്‍ മാനസികമായി പീഡിപ്പിച്ചതായി രാജു തോമസ് ഇതില്‍ എഴുതിയിട്ടുണ്ടെന്നാണു സൂചന. മകന്‍ ഏതാനും നാളുകളായി ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണ്.
രാജു തോമസ് തങ്ങളുടെ സ്വത്തുക്കള്‍ മകന്റെ ഭാര്യയുടെയും കുട്ടിയുടേയും പേരില്‍ എഴുതിവച്ചിരുന്നു. ഇതേച്ചൊല്ലി മകന്‍ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. മേല്‍നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മകന്‍: ജോര്‍ജി തോമസ്.
/loading-logo.jpg
No comments:
Post a Comment