കൊച്ചി: എം.ടി. കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചില്‍ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ അപമാനിച്ചെന്നു സാമൂഹിക മാധ്യമത്തില്‍ പ്രചാരണം.
പിന്നാലെ, മാപ്പുപറഞ്ഞു രമേഷ് നാരായണ്‍. രമേഷ് നാരായണിനു പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെ ക്ഷണിച്ചപ്പോള്‍ ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തില്‍നിന്ന് പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നുവെന്നു വ്യക്‌തമാകുന്ന ദൃശ്യമാണു വൈറലായത്.
ആസിഫ് അലി നല്‍കിയ ഫലകം രമേഷ് നാരായണ്‍, ജയരാജിന്റെ കൈയില്‍ കൊടുത്തശേഷം അദ്ദേഹത്തില്‍നിന്നു വീണ്ടും സ്വീകരിക്കുക യാണുണ്ടായത്. ആസിഫ് പുരസ്‌കാരം നല്‍കാന്‍ എത്തിയപ്പോള്‍തന്നെ രമേശ് നാരായണ്‍ അതൃപ്‌തി പ്രകടമാക്കിയിരുന്നു.
ട്രെയിലര്‍ ലോഞ്ചിനെത്തിയ മുഴുവന്‍ അതിഥികളും നോക്കിനില്‍ക്കെയായിരുന്നു ഇത്. ഒരു താല്‍പ്പര്യവുമില്ലാതെ ആസിഫിന്റെ മുഖത്തുപോലും നോക്കാതെ പുരസ്‌കാരം വാങ്ങിയ രമേഷ്, ആസിഫിനു ഹസ്‌തദാനവും നല്‍കുന്നില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്‌കാരം ജയരാജിന്റെ കൈയില്‍ നല്‍കി വാങ്ങുന്നതു കാണാം. സദസിനുനേരേ തിരിച്ചുവച്ച് ഔദ്യോഗികമായ രീതിയിലാണ് അതു വാങ്ങിയത്. ഇതോടെ ആസിഫിനെ അപമാനിച്ചെന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ആസിഫിനെ അപമാനിച്ചിട്ടില്ല; മാപ്പ്
ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണ്‍. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആസിഫ് അലിയാണു പുരസ്‌കാരം തരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അനൗണ്‍സ്‌മെന്റ് ഞാന്‍ കേട്ടില്ല. ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നതെന്നും മനസിലായില്ല. എനിക്കു വലിപ്പച്ചെറുപ്പമില്ല. ഞാന്‍ വേദിയിലല്ല നിന്നത്.
വേദിയിലാണെങ്കില്‍ എനിക്ക് ഒരാള്‍ വരുന്നത് മനസിലാകുമായിരുന്നു. ഞാന്‍ നിന്നത് താഴെയാണ്. അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്‌തിട്ടില്ല. ഞാന്‍ ഇപ്പോഴും ചെറിയ ആളാണ്. ഞാന്‍ ഒന്നുമല്ല. എന്റെ പേരില്‍ തെറ്റിദ്ധാരണ വന്നതില്‍ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. ഞാന്‍ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ മാപ്പ് പറയും.
ജയരാജ് സംവിധാനം ചെയ്‌ത ചിത്രത്തിനു സംഗീതമൊരുക്കിയതു ഞാനാണ്. ജയരാജാണ് എന്നെ ക്ഷണിച്ചത്. പക്ഷേ വേദിയില്‍ എല്ലാ സംവിധായകരെയും ക്ഷണിച്ചപ്പോള്‍ എന്നെ വിളിച്ചില്ല. അതൊരു വിഷമമുണ്ടാക്കി. തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാല്‍ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അറിയിക്കുകയും ചെയ്‌തു.-രമേഷ് നാരായണ്‍ പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment