കൊച്ചി : മണ്‍സൂണില്‍ മിന്നല്‍ച്ചുഴലികള്‍ വ്യാപകമാകുന്നത് മഴമേഘങ്ങളുടെ ഘടനയില്‍ വന്ന മാറ്റം മൂലമാണെന്ന് കാലാവസ്‌ഥാ ഗവേഷകര്‍.
മഴയ്‌ക്കൊപ്പം പൊടുന്നനെ ആഞ്ഞടിക്കുന്ന മിന്നല്‍ച്ചുഴലികള്‍ വിവിധ ജില്ലകളില്‍ വലിയതോതിലാണ് നാശം വിതച്ചത്.
തൃശൂര്‍, ഇടുക്കി, വയനാട് ജില്ലകളില്‍ ശക്‌തമായ കാറ്റാണ് കഴിഞ്ഞ നാളുകളില്‍ വീശിയടിച്ചത്. മുന്‍കാലങ്ങളില്‍ മണ്‍സൂണില്‍ ഇത്തരം മിന്നല്‍ച്ചുഴലികള്‍ സാധാരണമായിരുന്നില്ല. എന്നാല്‍, മണ്‍സൂണ്‍ മഴമേഘങ്ങളുടെ ഘടനാ വ്യതിയാനങ്ങളാണ് മിന്നല്‍ച്ചുഴലികള്‍ക്ക് കാരണമായിട്ടുള്ളതെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
കട്ടിയേറിയ കൂമ്പാരമേഘങ്ങള്‍ (കുമുലോനിംബസ് ക്ലൗഡ്‌സ്) മണ്‍സൂണില്‍ രൂപപ്പെടുന്നതാണ് മിന്നല്‍ച്ചുഴലിക്ക് ഇടയാക്കുന്നത്. ഉയരത്തിലുള്ള കുമ്പാരമേഘങ്ങള്‍ക്കുള്ളില്‍നിന്ന് താഴേക്ക് തണുത്ത വായുവിന്റെ പ്രവാഹമുണ്ടാകുന്നു(ഡൗണ്‍ ബേസ്‌റ്റ്). ഈ വായുപ്രവാഹത്തിന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗമെത്താറുണ്ട്. തണുത്തതും സാന്ദ്രതയേറിയതുമായ വായു മുകളില്‍നിന്ന് താഴേക്കു വരുമ്പോള്‍ മര്‍ദം കൂടും. ഭൗമോപരിതലത്തില്‍ എത്തുമ്പോള്‍ വായു പ്രവാഹം എല്ലാ മേഖലയിലേക്കും പരക്കും. ഇങ്ങനെ പടരുമ്പോഴാണ് മിന്നല്‍ച്ചുഴലിയായി (മാക്രോ ബേസ്‌റ്റ്) മാറുന്നത്.
സെക്കന്‍ഡുകള്‍ മുതല്‍ മിനിറ്റുകള്‍ വരെ നീണ്ടുനില്‍ക്കുന്ന കാറ്റാണിത്. മണ്‍സൂണിനെ അപേക്ഷിച്ച് വേനല്‍മഴക്കാലത്ത് കൂമ്പാരമേഘങ്ങളില്‍ നിന്നുള്ള മിന്നല്‍ച്ചുഴലികള്‍ സാധാരണ 5 മുതല്‍ 10 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്ററില്‍ ഒതുങ്ങി നില്‍ക്കും. കാറ്റ് പരന്നു വീശുന്നതിന്റെ വിസ്‌തൃതി കുറഞ്ഞിരിക്കുന്നതിനാല്‍ വേനല്‍ക്കാലത്തെ മിന്നല്‍ച്ചുഴലിയെ മൈക്രോ ബേര്‍സ്‌റ്റ് എന്നാണ് വിളിക്കുക. എന്നാല്‍, മണ്‍സൂണില്‍ മഴമേഘങ്ങള്‍ വലിയ തോതില്‍ വ്യാപിച്ചിരിക്കുന്നതിനാല്‍ മിന്നല്‍ച്ചുഴലികളുടെ പ്രഹരശേഷിയും വ്യാപനവും വലുതായിരിക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ ജില്ലകള്‍ പോലും കാറ്റ് കടന്നെത്തും. മഴയുള്ളഭാഗത്തു നിന്ന് അകലെ മാറിയാണ് മിന്നല്‍ച്ചുഴലികള്‍ ആഞ്ഞടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
/loading-logo.jpg
No comments:
Post a Comment