പദവികളെച്ചൊല്ലി ഉടക്കിട്ടു, ഉള്ള കസേരയും തെറിച്ചു, കമ്മിറ്റിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്കു മടക്കം; ഇ.പി. ജയരാജന്റെ തുടര്‍നീക്കങ്ങള്‍ എന്താകും? - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, September 1, 2024

പദവികളെച്ചൊല്ലി ഉടക്കിട്ടു, ഉള്ള കസേരയും തെറിച്ചു, കമ്മിറ്റിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്കു മടക്കം; ഇ.പി. ജയരാജന്റെ തുടര്‍നീക്കങ്ങള്‍ എന്താകും?

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന ഇ.പി. ജയരാജന്‌ ഒടുവില്‍ കണ്‍വീനര്‍ സ്‌ഥാനവും നഷ്‌ടം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റ്‌ മുതിര്‍ന്നനേതാക്കള്‍ക്കൊപ്പം സീറ്റ്‌ നിഷേധിക്കപ്പെട്ടതു മുതല്‍ ഇ.പി. നീരസത്തിലായിരുന്നു. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം.വി. ഗോവിന്ദനെ സംസ്‌ഥാന സെക്രട്ടറിയാക്കി പി.ബിയില്‍ എടുക്കുക കൂടി ചെയ്‌തതോടെ അതൃപ്‌തി പാരമ്യത്തിലെത്തി.

ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉള്‍പ്പെടെ മുന്നറിയിപ്പ്‌ നല്‍കിയിട്ടും അവഗണിച്ചത്‌ ഇ.പിയുടെ വീഴ്‌ചയ്‌ക്ക് ആക്കം കൂട്ടി. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന സംസ്‌ഥാന പ്രചാരണയാത്രയില്‍ പങ്കെടുക്കാതെ കൊച്ചിയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ സ്വകാര്യചടങ്ങില്‍ ഇ.പി. പങ്കെടുത്തതും വന്‍വിവാദമായിരുന്നു.

പിന്നീടും പാര്‍ട്ടി കമ്മിറ്റികളില്‍ ഉള്‍പ്പെടെ പങ്കെടുക്കാതെ മാറിനിന്നു. ഈ സമയത്താണു പി. ജയരാജന്‍ ഇ.പി. ജയരാജനെതിരേ സംസ്‌ഥാനസമിതിയില്‍ ആരോപണമുന്നയിച്ചത്‌. ഇ.പിയുടെ കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. എന്നാല്‍ സംസ്‌ഥാനസമിതിയില്‍ വിശദീകരണം നല്‍കി വിഷയം അവസാനിപ്പിച്ചു.

പിന്നീട്‌ വൈദേകം റിസോര്‍ട്ട്‌ ബി.ജെ.പി. നേതാവ്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കമ്പനി ഏറ്റെടുത്തതും ഇ.പിക്കെതിരായ ആരോപണങ്ങള്‍ക്കു മൂര്‍ച്ചകൂട്ടി. ഇതുയര്‍ത്തിക്കാട്ടിയാണു പ്രതിപക്ഷം സി.പി.എം-ബി.ജെ.പി. ബാന്ധവമാരോപിച്ചത്‌.

കണ്‍വീനര്‍ സ്‌ഥാനത്തുനിന്നു മാറ്റിയതിനപ്പുറം ജയരാജനെതിരേ സംഘടനാനടപടി ഉണ്ടാവില്ലെന്നാണു സൂചന. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ സംസ്‌ഥാനഘടകത്തിനു നടപടിയെടുക്കാനുമാവില്ല. ഇന്നുമുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇ.പി. വിവാദം ഇതോടെ അവസാനിപ്പിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍, ജയരാജന്റെ തുടര്‍നീക്കങ്ങള്‍ എന്താകുമെന്ന ആകാംക്ഷ സജീവമാണ്‌. കണ്ണൂരില്‍ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളെ വിളിക്കാമെന്നു മാത്രമായിരുന്നു പ്രതികരണം.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages