എ.കെ. ശശീന്ദ്രന്‍ സ്ഥാനമൊഴിയും ; പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് മന്ത്രിയാകും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, September 21, 2024

എ.കെ. ശശീന്ദ്രന്‍ സ്ഥാനമൊഴിയും ; പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് മന്ത്രിയാകും

തിരുവനന്തപുരം/കൊച്ചി: സംസ്ഥാന മന്ത്രിസഭയിലെ എന്‍.സി.പി. അംഗം എ.കെ. ശശീന്ദ്രന്‍ സ്ഥാനമൊഴിയും. പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് മന്ത്രിയാകും. അടുത്ത മാസം സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. മന്ത്രിസ്ഥാനത്തെച്ചൊല്ലി ഏറെ നാളായി എന്‍.സി.പിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനൊടുവിലാണു തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടായേക്കും.

ഇന്നലെ മുംബൈയില്‍ വൈ.ബി. ചവാന്‍ സെന്ററില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍, മന്ത്രി എ.കെ. ശശീന്ദ്രന്‍, തോമസ് കെ. തോമസ് എം.എല്‍.എ, പാര്‍ട്ടി കേരള അധ്യക്ഷന്‍ പി.സി. ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാറ്റം സംബന്ധിച്ചു ധാരണയായത്.

മന്ത്രിസ്ഥാനം ഒഴിയുന്ന ശശീന്ദ്രനു പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി നല്‍കാനും തീരുമാനം. പി.സി. ചാക്കോയാണ് ഇൗ സമവായ നിര്‍ദേശം മുന്നോട്ടുവച്ചത്. അതേ സമയം, ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ തയാറായിട്ടില്ല. വിഷയം ചര്‍ച്ചയായില്ലെന്നു പി.സി. ചാക്കോ പറഞ്ഞു. മന്ത്രിമാറ്റം മാധ്യമങ്ങളുടെ ഭാവനയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം. ശരദ് പവാര്‍ തന്നെ പ്രഖ്യാപനം നടത്തട്ടെയന്നാണു സംസ്ഥാന നേതാക്കളുടെ നിലപാടെന്നറിയുന്നു.

എന്‍.സി.പിയിലെ രണ്ട് എം.എല്‍.എമാരും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്നായിരുന്നു ധാരണയെന്നു തോമസ് കെ. തോമസ് പറയുന്നു. എന്നാല്‍, അത്തരമൊരു ധാരണയില്ലെന്ന് ശശീന്ദ്രന്‍ പക്ഷം വ്യക്തമാക്കിയതോടെയാണു സംസ്ഥാന എന്‍.സി.പിയില്‍ ഭിന്നത രൂക്ഷമായത്. അതിനിടെ ശശീന്ദ്രനെ പിന്തുണച്ചിരുന്ന പി.സി. ചാക്കോയും മന്ത്രിമാറ്റം വേണമെന്ന നിലപാട് സ്വീകരിച്ചത് ശശീന്ദ്രന്‍ പക്ഷത്തിന് തിരിച്ചടിയായി. പിന്തുണ തേടി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

എന്‍.സി.പിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒരാഴ്ച കാത്തിരിക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം പവാറിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി. ജില്ലാ അധ്യക്ഷന്‍മാരും സംസ്ഥാന നേതൃത്വവും തോമസ് കെ. തോമസിന് അനുകൂലമായാണ് നിലകൊണ്ടത്. ഇതോടെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി എ.കെ. ശശീന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages