അന്‍വറിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം? കളത്തിലിറങ്ങി പിണറായി, കരുനീക്കിയത്‌ പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയുന്ന എതിര്‍നീക്കം പ്രതിരോധിക്കാന്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, September 22, 2024

അന്‍വറിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം? കളത്തിലിറങ്ങി പിണറായി, കരുനീക്കിയത്‌ പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയുന്ന എതിര്‍നീക്കം പ്രതിരോധിക്കാന്‍

ആലപ്പുഴ: മൗനം ഭഞ്‌ജിച്ച്‌ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാദങ്ങളോടു വിശദമായി പ്രതികരിച്ചതു സംഘടനാ സമ്മേളന കാലയളവില്‍ പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിഞ്ഞുവരുന്ന എതിര്‍ നീക്കങ്ങള്‍കൂടി ഉന്നമിട്ട്‌.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ ചേര്‍ത്തുപിടിച്ചും പി.വി. അന്‍വര്‍ എം.എല്‍.എയെ പരസ്യമായി തള്ളിപ്പറഞ്ഞും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ അണിയറയില്‍ തനിക്കെതിരായ നിലപാടിലേക്കു നീങ്ങുന്ന നേതാക്കള്‍ക്കു നല്‍കുന്ന മുന്നറിയിപ്പാണ്‌. പതിവില്‍നിന്നു വ്യത്യസ്‌തമായി, മാധ്യമപ്രവര്‍ത്തകരുടെ ഏതു ചോദ്യത്തിനും മറുപടി നല്‍കിയേ മടങ്ങൂവെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം.

സി. പി.എം. സംഘടനാ സമ്മേളനങ്ങള്‍ ആരംഭിച്ച വേളയില്‍ അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ കോളിളക്കമാണു സൃഷ്‌ടിച്ചത്‌. സാമൂഹിക മാധ്യമങ്ങളിലും വിവിധ ബ്രാഞ്ച്‌ സമ്മേളനങ്ങളിലും അന്‍വറിന്റെ വാദങ്ങളെ പിന്തുണച്ച്‌ അഭിപ്രായപ്രകടനമുണ്ടായി. സി.പി.എമ്മില്‍ പിണറായി വിരുദ്ധ ചേരി ശക്‌തിപ്പെടുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്ന സ്‌ഥിതിയുമുണ്ടായി. സംസ്‌ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ വന്നശേഷമാണു സമവാക്യങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചന കണ്ടുതുടങ്ങിയത്‌. അടുത്തിടെ ഇതു കൂടുതല്‍ പ്രകടവുമായി. മുഖ്യമന്ത്രിയും കുടുംബവും സര്‍ക്കാരും പ്രതിരോധത്തിലായ വിവാദങ്ങളില്‍ പല പ്രമുഖ നേതാക്കളും രക്ഷാകവചമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം പിണറായിക്കൊപ്പമുള്ള പലര്‍ക്കുമുണ്ട്‌.

പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കവെ, തന്റെ ശക്‌തിചോരുന്നെന്ന തോന്നല്‍ ഒഴിവാക്കാന്‍കൂടിയാണു പിണറായി വിജയന്‍ മൗനം വെടിഞ്ഞതെന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിദേശ സന്ദര്‍ശനത്തിലായിരിക്കെയാണ്‌ പിണറായി, സമീപകാലത്തെ തന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ വാര്‍ത്താസമ്മേളനം നടത്തി നിലപാട്‌ വ്യക്‌തമാക്കിയത്‌ എന്നതും ശ്രദ്ധേയമാണ്‌. അന്‍വറിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ പ്രത്യേക അജന്‍ഡയുണ്ടെന്നും അതിനു പിന്തുണ നല്‍കാന്‍ പാര്‍ട്ടിയിലൊരു ശക്‌തികേന്ദ്രമുണ്ടെന്നും വാദമുയര്‍ന്നിട്ടുണ്ട്‌. അതിനിടെയാണ്‌ പിണറായിയുടെ ഈ കടന്നാക്രമണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കുശേഷം പ്രതിരോധത്തിലായിരുന്ന മുഖ്യമന്ത്രിക്കു തുടര്‍ച്ചയായ വിവാദങ്ങള്‍ തിരിച്ചടിയായിരുന്നു. ഈ മാസം 27 മുതല്‍ 30 വരെ ചേരുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി-പോളിറ്റ്‌ ബ്യൂറോ യോഗങ്ങളില്‍ കേരളത്തിലെ വിവാദങ്ങള്‍ ചര്‍ച്ചയായേക്കും. ജനറല്‍ സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ദിവസം അന്തരിച്ച സീതാറാം യെച്ചൂരിക്കു പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ കേരളത്തില്‍നിന്നുള്ള സി.പി.എം നേതാക്കള്‍ അഭിപ്രായഐക്യത്തില്‍ എത്താനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്‌.

ജി. ഹരികൃഷ്‌ണന്‍


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages