സര്‍വീസ് രണ്ടെണ്ണമായി ചുരുങ്ങി ആവശ്യത്തിനു കപ്പലുകളില്ലാതായി, പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം ; കവരത്തിയില്‍പോലും കടകള്‍ കാലിയായി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, September 23, 2024

സര്‍വീസ് രണ്ടെണ്ണമായി ചുരുങ്ങി ആവശ്യത്തിനു കപ്പലുകളില്ലാതായി, പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം ; കവരത്തിയില്‍പോലും കടകള്‍ കാലിയായി

കൊച്ചി: പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം. ഒരു മാസമായുള്ള അവസ്ഥയാണിത്. ആവശ്യത്തിനു കപ്പലുകളില്ലാതായതോടെയാണു കൊച്ചിയില്‍നിന്നും കോഴിക്കോട് നിന്നും ഭക്ഷ്യവസ്തുക്കള്‍ ദ്വീപുകളില്‍ എത്താതായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആസ്ഥാനമായ കവരത്തിയില്‍പോലും കടകള്‍ കാലിയായി. പ്രശ്‌നം പരിഹരിച്ചു തുടങ്ങിയെന്നു അധികൃതര്‍ പറയുമ്പോഴും ദ്വീപുകര്‍ക്ക് അവശ്യസാധനങ്ങള്‍ പലതും കിട്ടുന്നില്ല.

ലക്ഷദ്വീപിലേക്ക് അഞ്ചു കപ്പലുകളാണു സര്‍വീസ് നടത്തിയിരുന്നത്. ഇതു രണ്ടെണ്ണമായി ചുരുങ്ങിയതോടെ യാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കേണ്ട സ്ഥിതിയായി. ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ഥികളാണു ലക്ഷദ്വീപില്‍നിന്നു കേരളത്തിലെത്തി പഠനം നടത്തുന്നത്. ഓണം-നബിദിന അവധിക്കാലത്ത് ഇവര്‍ക്കു നാട്ടിലേക്കു തിരിച്ചെത്താന്‍ കപ്പല്‍ ടിക്കറ്റുകള്‍ കിട്ടാത്ത അവസ്ഥയുണ്ടായി. കച്ചവടക്കാര്‍ക്കു സാധനങ്ങള്‍ കപ്പലില്‍ കയറ്റുന്നതിനും നിയന്ത്രണം വന്നു. ഒരു കെട്ടില്‍ 25 കിലോയാണ് അനുവദനീയം. അത്തരത്തിലുള്ള ആറു കെട്ടുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതോടെയാണ് അവശ്യ സാധനങ്ങള്‍ക്കു ക്ഷാമം തുടങ്ങിയത്.

മണ്‍സൂണ്‍ കാലമായതിനാല്‍, മഞ്ചു സര്‍വീസ് (സെയിലിങ് വെസലുകള്‍) ഇല്ലാതായി. ബേപ്പൂരില്‍നിന്നുള്ള ബാര്‍ജുകളില്‍ ബംഗാരം-തിണ്ണകര ദ്വീപുകളിലേക്കുള്ള ടെന്‍ഡ് റിസോര്‍ട്ടിനുള്ള നിര്‍മാണ സാധനങ്ങള്‍ കയറ്റാന്‍ തുടങ്ങിയതും പ്രശ്‌നമായി. പച്ചക്കറിക്കു പുറമേ ആട്ട, മൈദ, വെളിച്ചെണ്ണ, സവാള, ചെറിയ ഉള്ളി, സ്‌നാക്‌സ് ഇനങ്ങള്‍ എന്നിവയും ദ്വീപില്‍ കിട്ടാനില്ല. ഏതാണ്ട് എല്ലാ ദ്വീപിലും കടകള്‍ കാലിയായ നിലയിലാണ്.

അതേസമയം, ഒരു മാസത്തോളമായി ലക്ഷദ്വീപുകാര്‍ നേരിട്ട ക്ഷാമം പരിഹരിച്ചു തുടങ്ങിയെന്നു ലക്ഷദ്വീപ് ഭരണകൂടത്തിലെ അധികൃതര്‍ വ്യക്തമാക്കി. രണ്ടുദിവസം മുമ്പ് മഞ്ചു സര്‍വീസ് തുടങ്ങിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ ദ്വീപില്‍ എത്തിച്ചുതുടങ്ങി. അവധിക്കാലത്തിന്റെ തിരക്കൊഴിഞ്ഞതോടെ കപ്പലുകളിലും സാധനങ്ങള്‍ കയറ്റിത്തുടങ്ങി. രണ്ടു ദിവസത്തിനകം എല്ലാ സാധനങ്ങളും ദ്വീപില്‍ കിട്ടിത്തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages