ന്യൂഡല്‍ഹി: ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാനഡ. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെ ശത്രു രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 'സൈബര്‍ എതിരാളി' എന്ന് മുദ്രകുത്തുകയും ചെയ്‌തു.
രാജ്യാന്തര തലത്തില്‍ ഇന്ത്യയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള കനേഡിയന്‍ തന്ത്രമാണിതെന്ന് ഇന്ത്യ തിരിച്ചടിച്ചു. നേരത്തെ കാനഡയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്‌ഥരെ ഓഡിയോ, വീഡിയോ നിരീക്ഷണത്തിലാക്കിയ നടപടിയില്‍ ശക്‌തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. കനേഡിയന്‍ സര്‍ക്കാര്‍തന്നെയാണ് ഈ വിവരം കോണ്‍സുലേറ്റ് ഉദ്യോഗസ്‌ഥരെ അറിയിച്ചത്. നടപടി നയതന്ത്ര ഉടമ്പടികളുടെ നഗ്നമായ ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു.
കാനഡയുടെ സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ടില്‍ ഇന്ത്യക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകളുടെ കണിക പോലും ഇല്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഇന്ത്യയെ്‌ക്കതിരെ ആഗോള അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ കാനഡ ശ്രമിക്കുന്നുവെന്ന് അവരുടെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. മറ്റ് സന്ദര്‍ഭങ്ങളിലെന്നപോലെ, തെളിവുകളുടെ കണിക പോലുമില്ലാതെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് അവര്‍ ഇന്ത്യയെ അപമാനിക്കുന്നന്നതായി വിദേശകാര്യ മന്ത്രാലയം വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ അപമാനത്തെ സാങ്കേതികന്യായങ്ങള്‍ പറഞ്ഞ് മറയ്‌ക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യവക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്‌തമാക്കി.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്‌ഥരുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തുന്നുണ്ട്. ഇതിനെതിരേ കനേഡിയന്‍ സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചു.
കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്‌ഥര്‍ ഇപ്പോള്‍തന്നെ തീവ്രവാദത്തിന്റെയും ആക്രമണങ്ങളുടെയും പശ്‌ചാത്തലത്തിലാണു ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ നടപടി സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. വ്യവസ്‌ഥാപിതമായ നയതന്ത്രമാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ് ഈ അപമാനം. കാനഡയിലുള്ള ഖലിസ്‌ഥാന്‍ ഭീകരരെ വധിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടെന്ന കനേഡിയന്‍ വിദേശകാര്യസഹമന്ത്രി ഡേവിഡ് മോറിസന്റെ ആരോപണത്തിനെതിരേയും ഇന്ത്യ രംഗത്തുവന്നു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയാണു പ്രതിഷേധമറിയിച്ചത്.
കനേഡിയന്‍ മന്ത്രിയുടെ ആരോപണം അടിസ്‌ഥാനരഹിതവും അസംബന്ധവുമാണെന്ന് ഇന്ത്യ വ്യക്‌തമാക്കി. ഇന്ത്യയെ സംബന്ധിച്ച വിവരങ്ങള്‍ വാഷിങ്‌ടണ്‍ പോസ്‌റ്റ് പോലെയുള്ള രാജ്യാന്തരമാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്ന കനേഡിയന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ മുന്നറിയിപ്പ് നല്‍കി.
കാനഡയുടെ പുതിയ ആരോപണം
'നാഷണല്‍ സൈബര്‍ ത്രെറ്റ് അസസ്‌മെന്റ് 2025-2026' എന്ന സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണു കാനഡ സര്‍ക്കാര്‍ ഇന്ത്യയെ 'സൈബര്‍ എതിരാളി' എന്നു വിശേഷിപ്പിച്ചത്.
ചാരവൃത്തി, തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍, ഇന്ത്യയ്‌ക്കും ഇന്ത്യന്‍ സര്‍ക്കാരിനുമെതിരേയുള്ള പ്രാചരണത്തെ ചെറുക്കുക എന്നിവയുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ക്കാണ് ഇന്ത്യ സൈബര്‍ പ്രോഗ്രാം ഉപയോഗിക്കുന്നത്. ചാരവൃത്തിയുടെ ഉദ്ദേശ്യത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുണയ്‌ക്കുന്ന സൈബര്‍ ത്രെറ്റ് ആക്‌ടര്‍മാര്‍ കാനഡ സര്‍ക്കാര്‍ ശൃംഖലകള്‍ക്കെതിരേ സൈബര്‍ ഭീഷണി പ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി ബന്ധം കാനഡയെ്‌ക്കതിരായ ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സൈബര്‍ ഭീഷണി പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്ന് അവര്‍ വിലയിരുത്തി. ആഗോള സംവിധാനത്തിനുള്ളില്‍ പുതിയ അധികാര കേന്ദ്രങ്ങളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കാനഡയ്‌ക്ക് വ്യത്യസ്‌ത തലത്തിലുള്ള ഭീഷണി ഉയര്‍ത്തുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ചൈന, റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
/loading-logo.jpg
No comments:
Post a Comment